2013, ജൂൺ 30, ഞായറാഴ്‌ച

ബന്ധങ്ങൾ പലപ്പോഴും ബന്ധനങ്ങൾ




                      
                               ബന്ധങ്ങൾ വളരെയേറെയുണ്ട്  നമ്മുടെയൊക്കെ ഇടയിൽ കുടുംബ ബന്ധം, വ്യക്തിബന്ധം, സുഹൃദ്ബന്ധം, സ്നേഹബന്ധം, സഹോദരബന്ധം എന്നിങ്ങനെ ഒരുപാട് ഒരുപാട്.

                                ബന്ധങ്ങളില്ലാത്ത ജീവിതത്തിന് മനുഷ്യായുസ്സിൽ എന്താണു പ്രസക്തിയുള്ളത് പക്ഷെ    അത് ബന്ധനങ്ങൾ ആയാലോ ? തീർച്ചയായും അത് വ്യക്തി  ജീവിതത്തിന്റെയും സമൂഹ  ജീവിതത്തിന്റെയും ഒരു പരിധി വരെയെങ്കിലും മാറ്റുകുറക്കും.

                                 പരസ്പ്പര വിശ്വാസത്തിലധിഷ്ടിതമാണ്  എന്നും മനുഷ്യന്റെ സാമൂഹിക സാമ്പത്തിക മാനസിക ഘടനകൾ .അതിൽ വ്യക്തിപരം,വിശാല താൽപ്പര്യം,സങ്കുചിത താൽപ്പര്യം എന്നും അതിൽ തന്നെ അവസരത്തിനൊത്തും വ്യക്തികൾക്കൊത്തും ചുറ്റുപാടുകൾക്കൊത്തും അനേകമനേകം വേർത്തിരുവുകൾ സ്വയം വന്നുചേരുന്നു. 

                    നിത്യ ജീവിതത്തിൽ ബന്ധങ്ങൾ ബന്ധനങ്ങളാകാതെ ബന്ധപ്പെടുത്തി പോകൽ  മിക്കവാറും ഏറെ ആയസകരമാണ്.ഊഷ്മളമായ ബന്ധങ്ങൾ പലപ്പോഴും നിലനിർത്തിപ്പോരുന്നത് കടമകൾ, കടപ്പാടുകൾ, സ്നേഹാദരങ്ങൾ,പങ്കിടൽ, പങ്കെടുക്കൽ, കണ്ടെത്തൽ,കണ്ടെടുക്കൽ എന്നിവിടങ്ങളിലൂടെയുള്ളതും അദൃശ്യവുമായ  മാനസിക വൈകാരിക  ബന്ധത്തിന്റെ നൂൽപ്പാലത്തിലൂടെയാണ്. ഇവിടെ പ്രധാനമായും ശ്രദ്ധിക്കേണ്ട ഒരു വസ്തുത ആത്മാർത്ഥമായി നാം  കടന്നു പോകുന്ന സാഹചര്യങ്ങള്ളിൽ ആരും തെറ്റിദ്ധരിക്കപ്പെടാതിരിക്കലാണ്  അതിനുള്ള അവസരം ഉണ്ടാക്കാതിരിക്കലാണ്. അതിനുള്ള ഏറ്റവും നല്ല മാർഗ്ഗം എല്ലാം ഉൾക്കൊണ്ടുകൊണ്ടുള്ള ഗഹനമായ ചിന്തകൾക്കു ശേഷമുള്ള വൃത്തിയായ പ്രവൃത്തിയാണ്‌.

                    നമ്മുടെ പരിമിതികൾക്കുള്ളിൽ നിന്നുള്ള പ്രവൃത്തിയായിരിക്കും ഏറെ ഉചിതം. കാരണം അത് പൂർണ്ണമായും നമ്മുടെ കൃത്യമായ നിയന്ത്രണത്തിലധിഷ്ടിതമായിരിക്കും ഏറെ വിശ്വസനീയവും. പ്രതിസന്ധികളേറെ നേരിടുന്ന ഘട്ടത്തിൽ ആത്മവിശ്വാസത്തോടെ നേരിടാൻ ഇതുകൊണ്ടു മാത്രം കഴിയും. ഇതിനപ്പുറത്തേക്കുള്ള പരിധി ആത്മവിശ്വാസത്തിന്റെ മാത്രം പിൻബലം കൊണ്ട് മുൻപ് സൂചിപ്പിച്ച പരിമിതിയുടെ വിസ്തൃതി ഏറെ വർദ്ധിപ്പിക്കാവുന്നതാണ് എന്നിരുന്നാലും അതിന്റെ വ്യക്തത ഊതി വീർപ്പിച്ച ബലൂണ്‍ പോലെ ഏതു  നിമിഷവും തകർന്നടിയാവുന്നതാണ് പൊട്ടിച്ചിതറാവുന്നതാണ്.

                   അതുമൂലം ബന്ധങ്ങൾക്കു നൽകിയ വാഗ്ദാനം വൃഥാവിലാവുകയും നമുക്കേറെ മാനസ്സിക ക്ലേശമുണ്ടാകുകയും ഓർക്കാപ്പുറത്ത് അത് ചിലപ്പോൾ സാമ്പത്തിക ഭാരവുമായിത്തീരാം. അതിനേക്കാളുപരിയായി വാക്കു പാലിക്കാൻ കഴിയാതിരിക്കുന്നത്  ബന്ധങ്ങൾക്ക് നടുവിൽ ചെറിയ തോതിലെങ്കിലും വിള്ളൽ വീഴ്ത്താൻ ഇടവരുത്തുകയും ചെയ്യുന്നു.മിക്ക സന്ദർഭങ്ങളിലും നമ്മുടെ ആത്മാർത്ഥത മനസ്സിലാക്കാൻ എല്ലാവരും ശ്രമിക്കണമെന്നുമില്ല.ഏറ്റെടുത്തത്  ലക്ഷ്യ പ്രാപ്തി എത്താത്തതിനുള്ള കാര്യകാരണ സഹിതം എല്ലാവർക്കും വിശദീകരിച്ചുകൊടുക്കൽ എപ്പോഴും സാദ്ധ്യമായി എന്നും വരില്ല.മറുവശത്തേക്ക് നോക്കുമ്പോൾ ബന്ധങ്ങളെ മാത്രം അന്ധമായി വിശ്വസിച്ചിരുന്നത്  മറ്റുള്ളവരുടെ കഴിവുകേടിന്റെ മാത്രം ഫലം അതു  മൂലം അവർക്കുണ്ടായത് സമയനഷ്ടവും മാനഹാനിയും മാത്രമായിരിക്കും. അവരെ കുറ്റപ്പെടുത്തിയിട്ടു കാര്യമില്ല നാം തന്നെയാകും പലപ്പോഴും അവർക്ക് വാഗ്ദാനം  നൽകിയത് .

                    ബന്ധങ്ങൾ ബന്ധങ്ങളായി തന്നെ കൊണ്ടുപോകാൻ ഒരു ചെറിയ അകലം പാലിക്കുന്നത്  എപ്പോഴും വളരെ നല്ലതായിരിക്കും. ആ "അകലം" പലപ്പോഴും അന്യന്റെ  മുതൽ ആഗ്രഹിക്കുന്നവർക്കും ആഗ്രഹിക്കാൻ പോകുന്നവർക്കും മുന്നിൽ ഒരു പോലെ ചോദ്യചിഹ്നമായി എന്നെന്നും നിലനിൽക്കുക തന്നെ ചെയ്യും .

                                                                        ഈ  അകലം നികത്താനാവാത്ത കിടങ്ങുകളാക്കി ഒരിക്കലും  അവഷിപ്പിക്കുകയുമരുത്  ഇതു പ്രത്യക്ഷത്തിലുള്ള ദുരാഗ്രഹങ്ങളേയും യോഗ്യമല്ലാത്ത പ്രവൃത്തികളേയും തടയിടുക എന്ന ഒരു ചെറിയ ലക്ഷ്യം മാത്രമേ ഉൾക്കൊള്ളുന്നുള്ളൂ. പക്ഷെ ലക്ഷ്യം ചെറുതാണെങ്കിലും അതിന്റെ ഫലം വളരെ വലുതാണ് . അതുകൊണ്ടുതന്നെ ഈ അകലത്തിനപ്പുറത്തുനിന്നുള്ളസഹായവാഗ്ദാനങ്ങൾ,പ്രത്യുപകാരങ്ങൾ,ആശ്രയങ്ങൾ,അംഗീകാരം, പ്രതിഷേധം എല്ലാം ഒരു വിശാല കാഴ്ചപ്പാടോടെ സ്വീകരിക്കാനും തിരസ്ക്കരിക്കാനും ഉള്ള ആർജ്ജവവും തന്റേടവും രണ്ടു കൂട്ടർക്കും തുല്യമായി വന്നുചേരുന്നു. അതുമൂലം ഉന്നത നിലവാരമുള്ള ബന്ധങ്ങൾ സ്വയം ഉരുത്തിരിഞ്ഞ്‌ മുറു മുറുപ്പില്ലാത്ത വിധം ശക്തമായിത്തീരുന്നു.സഹായ വാഗ്ദാനങ്ങളും സഹായം ഏറ്റു വാങ്ങുന്നതും അങ്ങേയറ്റം അഭിമാനത്തോടെയാവും ബഹുമാനത്തോടെയാവും.

അങ്ങനെ ഓരോ വ്യക്തിയും സ്വാർത്ഥ താൽപ്പര്യങ്ങളില്ലാതെ ആത്മാർത്ഥമായി കാണുകയും അത്  ബന്ധങ്ങൾക്ക് കരുത്തേകുകയും ചെയ്യുന്നു .

                                      കാലക്രമേണ അത് ഒരു  നല്ല സമൂഹമായിത്തീരുകയും തുടർന്നു മറ്റു സമൂഹങ്ങൾക്ക് വഴികാട്ടിയാവുകയും അത് മൂലം ലക്ഷ്യ പ്രാപ്ത്തിയും ഉത്തരവാദിത്വവും വിജയപ്രതീക്ഷയുമുള്ള ഒരു പുതിയ തലമുറ ഉയർത്തെഴുനേൽക്കുകയും ചെയ്യും.